33 ¦ വയമ്പ് ¦ ACORUS CALAMUS

33 ¦ വയമ്പ് ¦ ACORUS CALAMUS
33 ¦ വയമ്പ് ¦ ACORUS CALAMUS

പുതുതലമുറയിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വസ്തുവാണ് വയമ്പ്. “തേനും വയമ്പും” ഒരു പക്ഷെ അവരുടെ കുട്ടിക്കാലത്ത് അവരുടെ നാവ് രുചിചിട്ടുണ്ടാവണം. എന്തായാലും ഇപ്പോള്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ നാവിന് ആ രുചി അന്യമാണ്, പൊതുവേ.

വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു (തേന്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു കഴിപ്പിക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അത് ഒരു ആചാരമായിരുന്നു. പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ കുഞ്ഞിന്റെ രക്ഷിതാവ് കത്തിച്ച നിലവിളക്കിന്റെ മുമ്പില്‍ ഔഷധം തന്റെ മോതിരവിരലാല്‍ കുഞ്ഞിന്‍റെ നാവില്‍ തേച്ചു കൊടുക്കുന്നു. നല്ല ബുദ്ധിയും വാക്കും കുഞ്ഞിന് സ്വായത്തമാകാനുള്ള ഔഷധവും മനസ്സും.

വയമ്പിന്‍റെ സംസ്കൃതനാമം “വച” എന്നാണ്. “വച” എന്നാല്‍ വാക്ക് എന്നര്‍ത്ഥം. വായില്‍ നിന്ന് ഉണ്ടാകുന്നത് ആണ് വാക്ക്. വയമ്പ് എന്നാലും വായില്‍ നിന്ന്‍ ഉണ്ടാകുന്നത് എന്നു തന്നെ അര്‍ത്ഥം. വാക്കിന് നല്ലത് എന്ന അര്‍ത്ഥത്തിലായിരിന്നിരിക്കണം പൂര്‍വ്വികര്‍ വയമ്പ് എന്നു പേര് കൊടുത്തതു തന്നെ . വാക്ക് നന്നാകാന്‍, വാക്കിനു സ്ഫുടത ഉണ്ടാകാന്‍ വയമ്പ് നല്ലത് എന്ന് ആയുര്‍വേദഗ്രന്ഥങ്ങള്‍.

“വയമ്പു നന്നു ബുദ്ധിയ്ക്കും കാര്‍ഷ്ണ്യം ദീപനപാചനം
നന്നേറ്റം ദന്തശൂലയ്ക്കും കുഷ്ഠവാതവലാസജിത്ത്”

ബുദ്ധിയ്ക്കും വയമ്പ് ഉത്തമം. വാക്കിനും ബുദ്ധിയ്ക്കും നല്ലതായതിനാല്‍ ആണ് വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു നിത്യം കൊടുക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവില്‍ വന്നത്. സ്വര്‍ണ്ണം ബുദ്ധിയ്ക്ക് നന്ന്.

വയമ്പ് നാവില്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന തരിപ്പ് വേഗം സംസാരിച്ചു തുടങ്ങാന്‍ കുട്ടിയെ സഹായിക്കും എന്നത് പഴമക്കാരുടെ അനുഭവത്തില്‍ അധിഷ്ഠിതമായ അറിവാണ്. കുട്ടികള്‍ക്ക് മതിയായ വിശപ്പ്‌ ഉണ്ടാകുന്നതിനും വയമ്പ് സഹായകമാണ്. അതിശക്തിയുള്ള ഒരു കൃമിനാശകം കൂടെയാണ്  വയമ്പ്. Staphylococcus aureus പോലെയുള്ള രോഗകാരികളായ ബാക്ടീരിയകളെപ്പോലും നശിപ്പിക്കാനുള്ള ശേഷി വയമ്പിന് ഉണ്ട് എന്ന് ആചാര്യന്‍.

ബ്രഹ്മി, വയമ്പ്, ശാരിബ (നന്നാറി), തിപ്പലി, കൊട്ടം, കടുക്, ഇന്തുപ്പ് കല്‍ക്കമായി നെയ്യ് കാച്ചി കൊടുക്കുന്നത് കുട്ടികളില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധപ്രയോഗമാണ്.

വയമ്പ് എന്ന പേരില്‍ ഒരു മത്സ്യമുണ്ട്. അതല്ല ഇത്.

Author: Anthavasi

The Indweller

Leave a comment