
മൈദാ ആരോഗ്യത്തിനു നല്ലതല്ല എന്ന് നാടുനീളെ നടന്നു പറഞ്ഞു പഠിപ്പിച്ചു നിര്മ്മലാനന്ദഗിരിസ്വാമിജി. സ്വാമിജിയുടെ വാക്കുകള്‍ക്ക് മാറ്റൊലികള്‍ അനവധിയുണ്ടാവുകയും ചെയ്തു. ഗോതമ്പിലെ നാരുകള്‍ എല്ലാം എടുത്ത ശേഷമുള്ള, ജലാംശം തട്ടിയാല്‍ പശയായി മാറുന്ന മൈദാ എന്ന വെള്ള പൊടി (White Flour) കൊണ്ടുള്ള ആഹാരസാധനങ്ങളുടെ ഉപയോഗം മലബന്ധവും അനുബന്ധരോഗങ്ങളും ഉണ്ടാക്കുമെന്നും, മൈദയില്‍ കാണപ്പെടുന്ന അലോക്സന് (Aloxan) എന്ന രാസവസ്തു ടൈപ്പ്-1 പ്രമേഹം (Type-1 Diabetes) ഉണ്ടാക്കുമെന്നും ഉള്ള അറിവ് അങ്ങനെ ആരോഗ്യം കാംക്ഷിക്കുന്നവരില്‍ വൈകിയെങ്കിലും എത്തുകയും ചെയ്തു. ഗോതമ്പില്‍ നിന്നെടുത്ത വെള്ളപ്പൊടിയോടൊപ്പം അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള കപ്പപ്പൊടിയും മൈദയില്‍ ചേര്‍ക്കാറുണ്ട് എന്നാണ് കേട്ട് അറിഞ്ഞത്. അങ്ങിനെയൊക്കെയെങ്കിലും മൈദയുടെ ഉപയോഗം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.
മൈദ കൊണ്ട് ഈ പറയുന്ന അപകടങ്ങളൊന്നും ഇല്ല എന്ന് ഒരു വിഭാഗം ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ തന്നെ “100% ആട്ട, 0% മൈദാ” ഉത്പന്നങ്ങള്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. മൈദാ അപകടകാരിയല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എന്തിനാണാവോ ഭക്ഷ്യശൃംഖലാവ്യവസായികള് ബുദ്ധിമുട്ടുന്നത് എന്ന ചോദ്യം അവിടെ നില്ക്കട്ടെ.
നഗരജീവിതത്തിന്റെ അനിവാര്യതയാണ് ഇന്ന് ബ്രെഡ് വ്യവസായം. മൈദാ കൊണ്ടുണ്ടാക്കിയ ബ്രെഡ് ഉത്പന്നങ്ങള്‍ക്കൊപ്പം “100% ആട്ടാ” “ബ്രൌണ്‍” ബ്രെഡ് ഉത്പന്നങ്ങളും ഇപ്പോള്‍ സുലഭമാണ്. “ഓര്‍ഗാനിക് ഗോതമ്പ്” കൊണ്ടുണ്ടാക്കിയ ബ്രെഡ് വേറെ.
ഓര്‍ഗാനിക് ബ്രെഡ് രണ്ടോ മൂന്നോ ദിവസം കൊണ്ടു കേടാകുമ്പോള്‍ മുഖ്യധാരയിലുള്ള ഉത്പന്നങ്ങള്‍ കേടാകാന്‍ ഒരു ആഴ്ച വരെ എടുക്കുന്നുണ്ട്. വിപണിയില്‍ എത്തുന്ന നല്ലൊരു ശതമാനം ബ്രെഡ് ഉത്പന്നങ്ങള്‍ ആളുകള്‍ വാങ്ങാതെ കേടാകുന്നു എന്നതാണ് അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു കാര്യം.
ഇങ്ങനെ കേടാകുന്ന സാധനങ്ങള്‍ കച്ചവടക്കാരന് നശിപ്പിച്ചു കളയാറില്ല, മറിച്ച് അവനു സാധനമെത്തിക്കുന്ന ഇടനിലക്കാരനോ ഉത്പാദകന് നേരിട്ടോ ഇന്ധനം ചിലവാക്കി സ്വന്തം വണ്ടിയില്‍ കച്ചവടക്കാരില്‍ നിന്ന് ശേഖരിച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്തിന്? നശിപ്പിക്കാനോ അതോ പുനരുപയോഗത്തിനോ?
ഇങ്ങനെ കൊണ്ടുപോകുന്ന പഴകിയ ബ്രെഡ് ഉത്പന്നങ്ങള്‍ ചൂടാക്കി പൊടിച്ച് ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വിപണിയില്‍ തിരികെയെത്തുന്നു എന്നാണ് ഒരു കിംവദന്തി കേട്ടത്. ബേക്കറികളില്‍ കിട്ടുന്ന “ദില്‍ക്കുഷ്” പോലെയുള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത് ഈ പൊടി ഉപയോഗിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേടായ ബ്രെഡില്‍ ഉണ്ടായിരുന്ന കൃമികളും അണുകങ്ങളും ഇത്തരം ആഹാരസാധനങ്ങളില്‍ ഉണ്ടായിരിക്കും. അവ എങ്ങും പോകില്ല. ഈ ആഹാരസാധനങ്ങള്‍ കുറച്ചുനാള്‍ കഴിച്ചാല്‍ പോലും മനുഷ്യനെ അവ രോഗിയാക്കും. വൃക്കകളുടെ പ്രവര്‍ത്തനത്തെയടക്കം തകരാറിലാക്കാന്‍ ഈ ആഹാരസാധനങ്ങള്‍ ധാരാളം.
പഴകിയ കേക്ക് കൊക്കോ പൊടിയും പഞ്ചസ്സാരയും ചേര്‍ന്ന് ആപ്പിള്കേക്കാകുന്ന, ബ്രെഡ് പൊടി കട്ട്ലറ്റ് ആകുന്ന മായാജാലങ്ങള്‍ വേറെയും.
ബേക്കറി സാധനങ്ങള്‍ മുഴുവനും മൈദാ തന്നെയാണ്. ആരോഗ്യം വേണ്ടവര്‍ ആകെ മൊത്തത്തില്‍ ബേക്കറി സാധനങ്ങളെ വര്‍ജ്ജിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം.
ഓര്‍ക്കുക, വ്യവസായം ചെയ്യുന്നവന് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിച്ചിട്ട് ഒന്നും നേടാനില്ല. അവനു വേണ്ടത് ലാഭം മാത്രം.
വാല്‍ക്കഷണം: ബാംഗ്ലൂരില്‍ ഞാന്‍ അടുത്തറിയുന്ന ഒരു ബേക്കറി വ്യവസായി ബേക്കറിയോടു ചേര്‍ന്നു തന്നെ ആയുര്‍വേദചികിത്സാകേന്ദ്രവും നടത്തുന്നു. അവിടെ വരുന്ന രോഗികളോട് സീനിയര്‍ ഭിഷഗ്വരന് പറയുന്നു – “മൈദാ കൊണ്ടുള്ളതോന്നും കഴിക്കരുത്”.