
നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്ക്കിടകവാവിന് നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്. പഴയ തലമുറയിലെ മലയാളിയ്ക്ക് തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.
തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..
“ദ്രോണപുഷ്പീ കടുഃസോഷ്ണാരുച്യാ വാതകഫാപഹ
അഗ്നിമാന്ദ്യഹരാ ചൈവ കാമലാ ജ്വരഹാരിണീ”
“ദ്രോണപുഷ്പീ കഫാമഘ്നീ കാമലാകൃമിശോഫജിത്ത്”
“ദ്രോണാ ച ദ്രോണപുഷ്പീ ച ഫലേപുഷ്പാ ച കീര്‍ത്തിതാ
ദ്രോണപുഷ്പീ ഗുരുഃ സ്വാദൂ രൂക്ഷേഷ്ണാ വാതപിത്തകൃത് |
സതീക്ഷ്ണലവണാ സ്വാദുപാകാ കട്വീ ച ഭേദിനീ
കഫാമകാമലാശോഥ തമകശ്വാസജന്തുജിത് |”
– ഭാവപ്രകാശനിഘണ്ടു | ഗുഡൂച്യാദിവര്‍ഗ്ഗ
“ദ്രോണപുഷ്പീ കടുഃ സോഷ്ണാ രുച്യാ വാതകഫാപഹാ
അഗ്നിമാന്ദ്യഹരാ ചൈവ പഥ്യാ വാതാപഹാരിണീ
അന്യാ ചൈവ മഹാദ്രോണാ കുരുംബാ ദേവപൂര്‍വ്വകാ
ദിവ്യപുഷ്പാ മഹാദ്രോണീ ദേവീകാണ്ഡാ ഷഡാഹ്യയാ
ദേവദ്രോണീ കടുസ്തിക്താ മേധ്യാ വാതാര്‍ത്തിഭൂതനുത്
കഫമാന്ധ്യാമഹാ ചൈവ യുക്ത്യാ പാരദശോധനേ”
– രാജനിഘണ്ടു | പര്‍പ്പടാദിവര്‍ഗ്ഗഃ
തുമ്പ കഫക്കെട്ട് ഇല്ലാതാക്കും, ദഹനക്കേടു കൊണ്ട് ഉണ്ടാകുന്ന ഉദരസ്തംഭനത്തെ ശമിപ്പിക്കും, മഞ്ഞപ്പിത്തത്തെ ശമിപ്പിക്കും, കൃമികളെ ഇല്ലാതാക്കും, വ്രണമായ മുറിവുകളില്‍ അതീവഫലപ്രദമാണ്, ശരീരത്തിലെ നീരിനെ കുറയ്ക്കും, ആസ്തമ ശമിപ്പിക്കും, ചുമ ശമിപ്പിക്കും, ജലദോഷം ശമിപ്പിക്കും, രുചി ഉണ്ടാക്കും, ദഹനശേഷി വര്‍ദ്ധിപ്പിക്കും, ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്. ജ്വരഹരമാണ് – പ്രത്യേകിച്ച് വാത, കഫ ജ്വരങ്ങളില്‍. മഹാദ്രോണി (പെരുന്തുമ്പ) ബുദ്ധിശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, അണുകങ്ങളെ ഹരിക്കുന്നു. ഗോരോചനാദി ഗുളിക, പ്ലീഹാരി വടി, ദ്രോണദുര്‍വ്വാദിതൈലം തുടങ്ങി അനവധി ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തില്‍ തുമ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഗൃഹവൈദ്യത്തില്‍ | നാട്ടുവൈദ്യത്തില്‍ തുമ്പ കൊണ്ട് അനവധി പ്രയോഗങ്ങളുണ്ട്.
- തുമ്പയിലനീര് രണ്ടു തുള്ളി വീതം മൂക്കില്‍ നസ്യം ചെയ്താല്‍ ശിരസ്സിലെ കഫക്കെട്ട് മാറും.
- തുമ്പയിലനീര് രണ്ടു തുള്ളി വീതം നസ്യം ചെയ്താന്‍ പീനസം | Sinusitis, തന്മൂലം ഉണ്ടാകുന്ന തലവേദന എന്നിവ ശമിക്കും.
- തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
- തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
- തുമ്പക്കുടം കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഗുദത്തില്‍ വെച്ചാല്‍ ഉദരകൃമികള്‍ പുറത്തേക്ക് ഇറങ്ങിവരും.
- തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ വിരഛര്‍ദ്ദി ശമിക്കും.
- തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
- തുമ്പപ്പൂവ് ഒരുപിടി ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
- തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
- തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
- തുമ്പപ്പൂവ് അഞ്ചു ഗ്രാം, ഒരു ഗ്രാം കാവിമണ്ണ് (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമല | മഞ്ഞപ്പിത്തം മാറും.
- തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
- തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.
- തുമ്പപ്പൂവ് തേനില്‍ അരച്ചു കഴിച്ചാല്‍ ചുമ ശമിക്കും.
- തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല് വെന്തു സേവിപ്പിപ്പിച്ചാല്‍ കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല.
- തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പ്രസൂതി കഴിക്കുന്നത് ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്.
- തുമ്പ സമൂലം ഉണക്കിപ്പൊടിച്ച്, ആ പൊടി കഷായം വെച്ചു വ്രണങ്ങള്‍ കഴുകിയാല്‍ അവ പെട്ടന്നു ശമിക്കും.
- തുമ്പയില നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന ദീനങ്ങള്‍ ശമിക്കും.
- വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ചു കടിവായില് പുരട്ടുന്നത് നല്ലതാണ്. തേള്, പാമ്പുകള്‍ എന്നിവ കടിച്ചാല്‍ തുമ്പ ഉപയോഗിച്ചിരുന്നു.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര് പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര് പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം
@anthavasi