ആയുര്‍വേദഇതിഹാസം | ഭാവപ്രകാശാന്തര്‍ഗ്ഗതം

[ഇത് ആയുര്‍വേദത്തിന്‍റെ അബോധപ്രബോധനാധിഷ്ഠിതമായ ഇതിഹാസമാണ്‌ – ശ്രീ ലടകതനയ ശ്രീ ഭാവമിശ്രവിരചിതമായ ഭാവപ്രകാശത്തിനു ശാസ്ത്രപണ്ഡിതനായ ശ്രീ ചേപ്പാട്ട് അച്യുതവാര്യര്‍ അവര്‍കള്‍ തയാറാക്കിയ വ്യാഖ്യാനത്തില്‍ നിന്നും]

ITIHASA
ITIHASA

മംഗളം

ഗജമുഖമമരപ്രവരം സിദ്ധികരം വിഘ്നഹര്‍ത്താരം ഗുരുമവഗമനയനപ്രദമിഷ്ടകരീമിഷ്ടദേവതാം വന്ദേ.

വ്യാഖ്യാതൃമംഗളം

ശ്രീമദ്‌ഗുരുവരം സാക്ഷാദച്യുതം കരുണാകരം
നത്വാഭാവപ്രകാശസ്യ കുര്‍വ്വേ ഭാവാര്‍ത്ഥബോധിനീം.

കവിവചനം

ഈ ഭൂമിയില്‍ ആയുര്‍വേദശാസ്ത്രത്തിന്‍റെ ആഗമനം ഏതൊരു ക്രമമനുസരിച്ചാണോ ഉണ്ടായത് ആ ക്രമത്തെ ഞാന്‍ പല ആയുര്‍വേദശാസ്ത്രങ്ങളും പരിശോധിച്ച് ആദ്യമായി ഇവിടെ എഴുതാന്‍ ഭാവിക്കുന്നു.

ആയുര്‍വേദലക്ഷണം

ആയുസ്സിനു ഹിതമായും അഹിതമായും ഇരിക്കുന്ന പദാര്‍ത്ഥവും രോഗത്തിന്‍റെ നിദാനവും (ലക്ഷണവും) ശമനവും (ചികിത്സയും) ഏതൊരു ശാസ്ത്രത്തിലാണോ പറയുന്നത് ആ ശാസ്ത്രത്തെയാണ് വിദ്വാന്മാര്‍ ആയുര്‍വേദം എന്നു പറയുന്നത്.

ആയുര്വേദത്തിന്‍റെ നിരുക്തി

ഏതൊരു ശാസ്ത്രത്താലാണോ മനുഷ്യര്‍ക്ക്  ആയുസ്സു ലഭിക്കുകയും മനുഷ്യര്‍ ആയുസ്സിനെ അറിയുകയും ചെയ്യുന്നത് ആ ശാസ്ത്രത്തെയാണ് മുനിവരന്മാര്‍ ആയുര്‍വേദം എന്നു പറയുന്നത്. ദേഹവും ജീവനും കൂടി സംബന്ധിച്ചിരിക്കുന്നതിന് ജീവനമെന്നും, ആ ജീവിതത്തോടു കൂടിയ കാലത്തിന് ആയുസ്സെന്നും പറയുന്നു. ഈ ആയുര്‍വേദശാസ്ത്രം വഴി ആയുഷ്കരങ്ങളായും ആയുഷ്കരങ്ങളല്ലാതെയും ഉള്ള ദ്രവ്യഗുണകര്‍മ്മങ്ങളെ അറിഞ്ഞ് അവയില്‍ ആയുഷ്കരങ്ങളെ ശീലിക്കുകയും ആയുഷ്കരങ്ങലല്ലാത്തവയെ ത്യജിക്കുകയും ചെയ്താല്‍ ആരോഗ്യമുണ്ടായി നമുക്കു ദീര്‍ഘായുസ്സു ലഭിക്കും. ഇതുകൊണ്ടുതന്നെ അന്യന്നും ആയുഷ്കരങ്ങളും അനായുഷ്കരങ്ങളും ആയവയെ അറിഞ്ഞു അവന്‍റെയും ആയുസ്സു വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

ബ്രഹ്മസംഹിതയുടെ ആവിര്‍ഭാവം

ആദ്യമായി ബ്രഹ്മാവ്‌ അഥര്‍വ്വവേദത്തിന്‍റെ സര്‍വ്വസ്വമായ (സാരാംശമായ) ആയുര്‍വേദത്തെ എടുത്തു ലക്ഷം ശ്ലോകമുള്ളതും സ്വനാമത്താല്‍ അങ്കിതവും സരളവുമായ സംഹിതയെ നിര്‍മ്മിച്ചു. അതിനുശേഷം ബുദ്ധിവാരിധിയായ ബ്രഹ്മാവ്‌ സകലകര്‍മ്മങ്ങളില്‍ ദക്ഷനായ ദക്ഷപ്രജാപതിയ്ക്ക് സാംഗോപാംഗമായ (ശല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, ബാലചികിത്സ, അഗദശാസ്ത്രം, രസായനതന്ത്രം, വാജീകരണം ഈ എട്ടംഗങ്ങളോടു കൂടിയ) ആയുര്‍വേദത്തെ ഉപദേശിക്കുകയും ചെയ്തു.

ദക്ഷസംഹിതയുടെ ഉത്ഭവം

ബ്രഹ്മാവില്‍ നിന്നും ആയുര്‍വേദം പഠിച്ചതിനു ശേഷം സകലക്രിയകളില്‍ സമര്‍ത്ഥനായ ദക്ഷപ്രജാപതി സൂര്യന്‍റെ അംശഭൂതന്മാരും വിദ്വാന്മാരും ദേവശ്രേഷ്ഠന്മാരുമായ സ്വര്‍ഗ്ഗവൈദ്യന്മാരെ (അശ്വിനീദേവന്മാരെ) ഈ ആയുര്‍വേദം പഠിപ്പിച്ചു.

ആശ്വിനേയസംഹിതയുടെ ആവിര്‍ഭാവം

അശ്വിനീപുത്രന്മാര്‍ ദക്ഷപ്രജാപതിയില്‍ നിന്നു വൈദികവിദ്യ പഠിച്ചു എല്ലാ ചികിത്സകന്മാര്‍ക്കും ചികിത്സാജ്ഞാനവൃദ്ധിയ്ക്കായി സ്വനാമാങ്കിതമായ സംഹിതയെ നിര്‍മ്മിച്ചു. അതിനു ശേഷം ക്രുദ്ധനായ ഭൈരവനാല്‍ ഛേദിക്കപ്പെട്ട ബ്രഹ്മാവിന്‍റെ ശിരസ്സിനെ സംയോജിപ്പിക്കുകയും അതിനാല്‍ അവര്‍ക്കു യജ്ഞഭാഗം സിദ്ധിക്കുകയും ചെയ്തു. ഇതുകൂടാതെ ദേവാസുരയുദ്ധത്തില്‍ അസുരന്മാരാല്‍ ദേവന്മാരുടെ ശിരസ്സിലെ മുറിവുകള്‍ പെട്ടന്നു ചികിത്സിച്ചു ഭേദമാക്കുക; ഇന്ദ്രനുണ്ടായ ഭുജസ്തംഭം ശമിപ്പിക്കുക; അമൃതില്ലാതിരുന്ന ചന്ദ്രന് അമൃതുണ്ടാക്കുക; പൂഷാവിന്‍റെ പൊടിഞ്ഞുപോയ ദന്തങ്ങളെയും ഭഗന്‍റെ പൊട്ടിയ കണ്ണുകളെയും ചികിത്സിച്ചു ശരിയാക്കുക; ചന്ദ്രന്‍റെ രാജയക്ഷ്മാവു ശമിപ്പിക്കുക; ഭൃഗുവംശജനും, കാമിയും, വൃദ്ധനും, കുത്സിതരൂപനുമായ ച്യവനമഹര്‍ഷിയ്ക്കു വീര്യം, നിറം, സ്വരഗുണം ഇവയുണ്ടാക്കുക; മറ്റു പല ചികിത്സകള്‍ ചെയ്യുക; ഇങ്ങനെയുള്ള പല അത്ഭുതകര്‍മ്മങ്ങള്‍ കൊണ്ട് ഈ ആശ്വനീദേവന്മാര്‍ ഇന്ദ്രാദികളായ ദേവന്മാര്‍ക്ക് ഏറ്റവും പൂജ്യന്മാരായിത്തീരുകയും ചെയ്തു.

ഇന്ദ്രസംഹിതയുടെ ആവിര്‍ഭാവം

അശ്വിനീദേവന്മാരുടെ പൂര്‍വ്വോക്തങ്ങളായ അത്ഭുതകര്‍മ്മങ്ങളെക്കണ്ട് യത്നവാനായ ദേവേന്ദ്രന്‍ സംഭ്രമത്തോടുകൂടാതെ ആയുര്‍വേദം പഠിപ്പിക്കണമെന്നു അവരോടു യാചിച്ചു. അതിനുശേഷം സത്യസന്ധനായ ഇന്ദ്രനാല്‍ പ്രാര്‍ത്ഥിതന്മാരായ ആ അശ്വിനീപുത്രന്മാര്‍ പഠിച്ചപോലെ ഇന്ദ്രന് ആയുര്‍വേദശാസ്ത്രത്തെ ഉപദേശിച്ചു. ഇങ്ങനെ അശ്വിനീദേവന്മാരില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച ദേവേന്ദ്രന്‍ അത്രിപുത്രന്മാര്‍ തുടങ്ങിയ വളരെ മഹര്‍ഷികളെയും പഠിപ്പിച്ചു.

ആത്രേയസംഹിതയുടെ ആവിര്‍ഭാവം

ഒരു ദിവസം മുനിസത്തമാനായ ഭഗവാന്‍ ആത്രേയന്‍ സകലലോകവും രോഗാകുലമായിക്കണ്ടിട്ട് ഇങ്ങനെ വിചാരിച്ചു:- “ഞാന്‍ എന്താണു ചെയ്യുക? ഏതു ദിക്കിലേക്കാണ് പോകുക? ലോകങ്ങള്‍ എങ്ങിനെയാണ് നിരാമയന്മാരായിത്തീരുന്നത്? രോഗബാധിതന്മാരായ ഈ ജനങ്ങളെക്കാണുന്നത്തിനു എനിക്കു ശക്തിയില്ല. ഞാന്‍ വളരെ ദയാലുവാണ്. സ്വതേയുള്ള സ്വഭാവം മാറ്റാനസാധ്യം. ഈ ജനങ്ങളുടെ ദുഃഖം കണ്ടിട്ട് എന്‍റെ മനസ്സിലും ദുഃഖം വളരെ ഉണ്ടാകുന്നു. ജനങ്ങളുടെ രോഗം മാറ്റുന്നതിനായി ആയുര്‍വേദം പഠിക്കണം.” ഇങ്ങനെ നിശ്ചയിച്ച് ആത്രേയന്‍ സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രമന്ദിരത്തില്‍ച്ചെന്നു, സിംഹാസനസ്ഥനും ദേവര്‍ഷികളാല്‍ സ്തുതിക്കപ്പെടുന്നവനും, സൂര്യതുല്യമായ തേജസ്സിനാല്‍ ദിക്കുകളെ പ്രകാശിപ്പിക്കുന്നവനും, ആയുര്‍വേദമഹാചാര്യനും ദേവശിരോമണിയുമായ ദേവേന്ദ്രനെ സന്ദര്‍ശിച്ചു. ഇന്ദ്രനാകട്ടെ, മഹാതപസ്വിയായ ആത്രെയനെക്കണ്ട് ആസനത്തില്‍ നിന്ന് എഴുന്നേറ്റ് കുശലപ്രശ്നാന്തരം ആഗമനകാരണത്തെച്ചോദിച്ചു. അപ്പോള്‍ ആത്രേയന്‍ “അല്ലയോ ദേവേന്ദ്ര, ബ്രഹ്മാവ്‌ അങ്ങയെ സ്വര്‍ഗ്ഗലോകത്തിനു മാത്രം അധിപതിയാക്കി ചെയ്തിരിക്കുകയല്ല. അങ്ങു മൂന്നു ലോകത്തിനും അധിപതിയാണ്. അതിനാല്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ അറിയിക്കുകയാണ്. ഭൂമിയിലുള്ള ജനങ്ങളെല്ലാം രോഗപീഡയാല്‍ പരവശരായിത്തീര്‍ന്നിരിക്കുന്നു. അവരുടെ സന്താപത്തെ ശമിപ്പിക്കുന്നതിന് ദയചെയ്ത് എനിക്കു ആയുര്‍വേദത്തെ ഉപദേശിച്ചു തന്നാലും” എന്ന് അരുളിച്ചെയ്തു. അനന്തരം ഇന്ദ്രന്‍ സാംഗമായ ആയുര്‍വേദത്തെ ആത്രേയന് ഉപദേശിച്ചു കൊടുത്തു. ഇങ്ങനെ ഇന്ദ്രനില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച ആത്രേയന്‍ അദ്ദേഹത്തെ ആശിസ്സുകൊണ്ട് അഭിനന്ദിച്ചിട്ട് ഭൂമിയില്‍ വന്ന് ജനങ്ങളിലുള്ള അനുകമ്പ നിമിത്തം സ്വനാമാങ്കിതമായ സംഹിതയെ (ആത്രേയസംഹിതയെ) നിര്‍മ്മിച്ച്‌ അഗ്നിവേശന്‍, ഭേഡന്‍, ജാതൂകര്‍ണ്ണന്‍, പരാശരന്‍, ക്ഷീരപാണി, ഹാരീതന്‍, തുടങ്ങിയ ശിഷ്യന്മാരെ ആയുര്‍വേദം പഠിപ്പിച്ചു. ഈ അത്രിശിഷ്യന്മാരില്‍ ആദ്യമേ ആയുര്‍വേദശാസ്ത്രം നിര്‍മ്മിച്ചത് അഗ്നിവേശമഹര്‍ഷിയാണ്. അതിനു ശേഷം ഭേഡന്‍ മുതലായവരും ഓരോ ശാസ്ത്രങ്ങളെ നിര്‍മ്മിച്ചു. ഇവര്‍ പിന്നീട് സ്വകൃതങ്ങളായ ശാസ്ത്രങ്ങളെ, മുനിവൃന്ദവന്ദിതനായ ആത്രെയനെ കേള്‍പ്പിക്കുകയും അദ്ദേഹം അതുകൊണ്ടു സന്തുഷ്ടനായിത്തീരുകയും ചെയ്തു. ഇപ്രകാരം ഉണ്ടാക്കിയ ഈ ആയുര്‍വേദശാസ്ത്രത്തെക്കണ്ട് മഹര്‍ഷികളും ദേവര്‍ഷികളും ദേവന്മാരും പ്രസന്നന്മാരായിത്തീര്‍ന്നിട്ടു ധന്യവാദം ചെയ്ത് ഇവരെ അത്യന്തം പ്രശംസിച്ചു.

ഭരദ്വാജസംഹിതയുടെ ആവിര്‍ഭാവം

ഒരു ദിവസം ദൈവഗത്യാ ഹിമവാന്‍പര്‍വ്വതത്തിന്‍റെ മുകളില്‍ അനേകം മഹര്‍ഷിമാര്‍ വന്നുചേര്‍ന്നു. അവരില്‍ ആദ്യം വന്നതു മുനിശ്രേഷ്ഠനായ ഭരദ്വാജനാണ്. അതിനുശേഷം അംഗിരസ്സ്, ഗര്‍ഗ്ഗന്‍, മരീചി, ഭൃഗു, ഭാര്‍ഗ്ഗവന്‍, പുലസ്ത്യന്‍, അഗസ്ത്യന്‍, അസിതന്‍, വസിഷ്ഠന്‍, പരാശരന്‍, ഹാരീതന്‍, ഗൌതമന്‍, സാംഖ്യന്‍, മൈത്രേയന്‍, ച്യവനന്‍, ജമദഗ്നി, ഗാര്‍ഗ്ഗ്യന്‍, കശ്യപന്‍, കാശ്യപന്‍, നാരദന്‍, വാമദേവന്‍, മാര്‍ക്കണ്ഢേയന്‍, കപിഞ്ജലന്‍, ശാണ്ഢില്യന്‍, കൌണ്ഢിന്യന്‍, ശാകുനേയന്‍, ശൌനകന്‍, അശ്വലായനന്‍, സാംകൃത്യന്‍, വിശ്വാമിത്രന്‍, പരീക്ഷകന്‍, ദേവലന്‍, ഗാലവന്‍, ധൌമ്യന്‍, കാമ്യന്‍, കാത്യായനന്‍, കങ്കായനന്‍, വൈജപായനന്‍, കുശികന്‍, ബാദരായണന്‍, ഹിരണ്യാക്ഷന്‍, ലൌഗാക്ഷി, ശരലോമാവ്‌, ഗോഭിലന്‍, വൈഖാനസന്‍, ബാലഖില്യന്‍ ഈ മഹര്‍ഷിമാരും, ബ്രഹ്മജ്ഞാനനിധികളും, യമനിയമാധിഷ്ഠാനഭൂതരും, തപസ്തേജസ്സിനാല്‍ ഹോമാഗ്നികളെപ്പോലെ ജ്വലിക്കുന്നവരും ആയ മറ്റു മഹര്‍ഷിമാരും അവിടെ വന്നു ചേര്‍ന്നു. ഇങ്ങനെ എല്ലാ മഹര്‍ഷിമാരും കൂടി ആനന്ദതുന്തിലന്മാരായി ആ പര്‍വ്വതത്തിലിരുന്നു ഇപ്രകാരം ഒരു കഥ പറയാന്‍ തുടങ്ങി. “ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കു മുഖ്യകാരണം ശരീരമാണ്. തപസ്സ്, വേദാധ്യയനം, ധര്‍മ്മം, ബ്രഹ്മചര്യാദിവ്രതം, ആയുസ്സ് ഇവയെ നശിപ്പിക്കുന്ന രോഗങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഈ രോഗങ്ങള്‍ മനുഷ്യരുടെ ശരീരത്തിനു കാര്‍ശ്യത്തെയും ബലക്ഷയത്തെയും ചെയ്യുന്നവയും ശരീരചേഷ്ട, ഇന്ദ്രിയശക്തി ഇവയെ ഹനിക്കുന്നവയും, സകലശരീരത്തിലും പീഡയെച്ചെയ്യുന്നവയും, ധര്‍മ്മം, അര്‍ത്ഥം, സര്‍വ്വകാമം, മോക്ഷം ഇവയ്ക്കു വിഘ്നത്തെ ഉണ്ടാക്കുന്നവയും, ബലാല്‍ പ്രാണനെത്തന്നെ ഹരിക്കുന്നവയും ആകുന്നു. ഇപ്രകാരമുള്ള രോഗങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രാണികള്‍ക്കു സുഖം എവിടെയാണ്? അതിനാല്‍ ഈ പാപാത്മാക്കളായ രോഗങ്ങളുടെ ശാന്തിക്കായി വിദ്വാന്മാരും, യോഗ്യന്മാരുമായ നിങ്ങള്‍ എന്തെങ്കിലും ഒരു കൌശലം ചിന്തിക്കുവിന്‍”. ഇങ്ങനെ ആ മഹര്‍ഷിമാര്‍ സദസ്സില്‍ നിശ്ചയിച്ചു ഭരദ്വാജനോടു പറഞ്ഞു:- അല്ലയോ ഭഗവാന്‍, ഇക്കാര്യത്തിനു അങ്ങാണു യോഗ്യന്‍. അങ്ങ് ഇന്ദ്രന്‍റെ അടുക്കല്‍ ചെന്നു ആയുര്‍വേദം പഠിക്കുന്നത്തിനു പ്രാര്‍ത്ഥിക്കുക; പിന്നെ അങ്ങയുടെ അടുക്കല്‍ നിന്നു ആയുര്‍വേദം പഠിച്ചു ഞങ്ങളും രോഗഭയത്തില്‍ നിന്നു മുക്തന്മാരായിക്കൊള്ളാം”. ഇപ്രകാരം വിനയശാലികലായ ആ മഹര്‍ഷിമാരാല്‍ പ്രാര്‍ത്ഥിതനായ ഭരദ്വാജന്‍ സ്വര്‍ഗ്ഗത്തു ചെന്നു ദേവര്‍ഷിമാരുടെ മദ്ധ്യത്തില്‍ സ്ഥിതനും വൃത്രാസുരനെ കൊന്നവനും അഗ്നിയെപ്പോലെ തേജസ്വിയുമായ ദേവേന്ദ്രനെക്കണ്ടു വന്ദിച്ചു. അനന്തരം ദേവേന്ദ്രന്‍ സന്തുഷ്ടനായിട്ടു ഭരദ്വാജമഹര്‍ഷിയോടു:- “അല്ലയോ ധര്‍മ്മജ്ഞ! അങ്ങേയ്ക്കു കുശലമല്ലേ” എന്നു പറഞ്ഞു അദ്ദേഹത്തെ പൂജിച്ചു. ഭരദ്വാജനാകട്ടെ, ജയാശീര്‍വചനങ്ങളാല്‍ ഇന്ദ്രനെ അഭിനന്ദിച്ച് മഹര്‍ഷിമാര്‍ പറഞ്ഞയച്ച വാക്കിനെ പറയാന്‍ തുടങ്ങി:- “അല്ലയോ ദേവേന്ദ്ര! ഭൂമിയില്‍ എല്ലാ പ്രാണികള്‍ക്കും ഭയങ്കരങ്ങളായ അനേകരോഗങ്ങള്‍ ഉണ്ടായിരിക്കുന്നു. ആ രോഗങ്ങളെ ശമിപ്പിക്കുന്നതിനു യോഗ്യമായ ഒരുപായത്തെ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നാലും”. ഇതുകേട്ടു ദേവേന്ദ്രന്‍ ഭാരദ്വാജനായി സാംഗമായ ആയുര്‍വേദത്തെ ഉപദേശിച്ചുകൊടുത്തു. ഈ ആയുര്‍വേദശാസ്ത്രം പഠിച്ചാല്‍ എല്ലാ പ്രാണികള്‍ക്കും രോഗരഹിതരായി ആയിരം വര്‍ഷം ജീവിച്ചിരിക്കാന്‍ സാധിക്കും. അതിനു ശേഷം ഭരദ്വാജന്‍ അനന്തവും അപാരവുമായ ആയുര്‍വേദശാസ്ത്രം മുഴുവനും അല്‍പ്പദിവസം കൊണ്ടു വേണ്ടപോലെ പഠിച്ചു. അതിനാല്‍ അദ്ദേഹം രോഗരഹിതനും ദീര്‍ഘായുസ്സും ആയിത്തീരുകയും മറ്റു മഹര്‍ഷിമാരെ രോഗഹീനരാക്കി ചെയ്യുകയും പിന്നീടു സ്വനാമാങ്കിതമായ മഹാശാസ്ത്രത്തെ (ഭരദ്വാജസംഹിതയെ) നിര്‍മ്മിക്കുകയും ചെയ്തു. അനന്തരം സകലമഹര്‍ഷിമാരും ഈ ഭരദ്വാജസംഹിതയില്‍നിന്നുമുണ്ടായ ജ്ഞാനചക്ഷുസ്സിനാല്‍ ഔഷധഗുണങ്ങളും ഔഷധങ്ങളും തച്ചികിത്സകളും അറിഞ്ഞു തദ്വിധികളെ അനുഷ്ഠിച്ചു ആരോഗ്യത്തോടും ദീര്‍ഘായുസ്സോടും സുഖത്തോടും കൂടിയവരായിത്തീരുകയും ചെയ്തു.

ചരകസംഹിതോല്‍പ്പത്തി

വിഷ്ണുഭഗവാന്‍ മത്സ്യമായി അവതരിച്ചു വേദത്തെ ഉദ്ധരിച്ച സമയം ശേഷഭഗവാന്‍ ആ സ്ഥാനത്തുവെച്ച് മത്സ്യഭഗവാനില്‍നിന്നും സാംഗോപാംഗമായ വേദത്തെ പഠിച്ചു. അപ്പോള്‍ അഥര്‍വ്വവേദത്തില്‍ ആന്തര്‍ഭവിച്ച ആയുര്‍വ്വേദശാസ്ത്രവും അറിയാന്‍ സംഗതിയായി. അതിനുശേഷം ഒരിക്കല്‍ ഭൂമിയിലെ വൃത്താന്തം അറിയുന്നതിനായി ശേഷന്‍ ചരന്‍റെ (ദൂതന്‍) വേഷം ധരിച്ചു ഭൂമിയില്‍ വന്നുചേര്‍ന്നു. അപ്പോള്‍ ഭൂമിയുള്ള ജനങ്ങളെല്ലാം രോഗബാധയാല്‍ പീഡിതരായി പല സ്ഥലങ്ങളില്‍ അലഞ്ഞുനടന്നു മൃത്യുവശഗതന്മാരാകുന്നതുകണ്ട്, പരമദയാലുവായ ശേഷഭഗവാന്‍ ജനങ്ങളുടെ ദുഃഖത്താല്‍ സ്വയം ദുഖിതനായിട്ടു രോഗശമനോപായത്തെച്ചിന്തിച്ചു പ്രസിദ്ധനും, വേദവേദാംഗവേദിയും വിശുദ്ധനുമായ ഒരു മഹര്‍ഷിയുടെ പുത്രനായിട്ടു ജനിച്ചു. പിന്നീടു ചരന്‍റെ വേഷത്തില്‍ ആരാലും അജ്ഞാതനായി അനന്തന്‍ ഭൂമിയില്‍ വന്നു. അതിനാല്‍ “ചരകന്‍” എന്ന നാമത്താല്‍ വിഖ്യാതനായിത്തീര്‍ന്നു ദേവാചാര്യനായ ബൃഹസ്പതി ദ്യോവില്‍ പ്രകാശിക്കുന്നതുപോലെ അനന്താംശനായ ചരകാചാര്യന്‍ ഭൂമിയില്‍ പ്രകാശിച്ചു രോഗനാശനത്തെച്ചെയ്തു സഞ്ചരിച്ചു. പിന്നീട് ആത്രേയഭഗവാന്‍റെ ശിഷ്യന്മാരായി അഗ്നിവേശാദികളായ വളരെ മഹര്‍ഷിമാര്‍ ജനിച്ചു സ്വനാമാങ്കിതമായ പല ആയുര്‍വേദശാസ്ത്രത്തെ നിര്‍മ്മിച്ചു. അതിനുശേഷം ആ ശാസ്ത്രങ്ങളെ സമാഹരിച്ചു വിദ്വാനായ ചരകാചാര്യന്‍ തന്‍റെ നാമത്തില്‍ “ചരകസംഹിത” എന്ന ഗ്രന്ഥത്തെ നിര്‍മ്മിക്കുകയും ചെയ്തു.

ധന്വന്തരിസംഹിതയുടെ പ്രാദുര്‍ഭാവം

ഒരിക്കല്‍ ദേവേന്ദ്രന്‍ ഭൂമിയിലേക്കു നോക്കുകയുണ്ടായി. അപ്പോള്‍ ഭൂമിയിലുള്ള മനുഷ്യരെല്ലാം രോഗപീഡിതരായിത്തീര്‍ന്നിരിക്കുന്നതുകണ്ടു ദയാര്‍ദ്രഹൃദയനായ ദേവേന്ദ്രന്‍ ധന്വന്തരിമഹര്‍ഷിയോടു പറഞ്ഞു:- “അല്ലയോ ധന്വന്തരിമുനിശ്രേഷ്ഠ! ഭഗവന്‍! ഞാന്‍ അല്‍പ്പമൊരു സംഗതി അങ്ങയോടു പറയാന്‍ ഭാവിക്കുകയാണ്. അങ്ങു വളരെ യോഗ്യനാണ്. അതിനാല്‍ ലോകങ്ങള്‍ക്കു കഴിയുന്നത്ര ഉപകാരം ചെയ്യണം. ലോകോപകാരത്തിനായി എന്തെല്ലാം കാര്യങ്ങള്‍ എത്രയോ മഹാന്മാര്‍ ചെയ്തിട്ടുണ്ട്? ത്രൈലോക്യാധിപതിയായ മഹാവിഷ്ണു തന്നെ മത്സ്യകൂര്‍മ്മാദ്യനേകരൂപങ്ങളെ ധരിച്ചില്ലയോ? അതിനാല്‍ അങ്ങു ഭൂമിയില്‍ ചെന്നു കാശിയിലെ രാജാവായി ജനിച്ചു ആയുര്‍വേദശാസ്ത്രം പ്രകാശിപ്പിച്ചാലും. ഇങ്ങനെ അരുളിച്ചെയ്തു ദേവേന്ദ്രന്‍ സര്‍വ്വഭൂതങ്ങള്‍ക്കും ശുഭമുദിക്കണമെന്നുള്ള ആകാംക്ഷനിമിത്തം ധന്വന്തരിയ്ക്കു ആയുര്‍വേദം ഉപദേശിച്ചു. ധന്വന്തരിയാകട്ടെ ഇന്ദ്രനില്‍നിന്നു ആയുര്‍വേദമഭ്യസിച്ചതിനുശേഷം ഭൂമിയില്‍ വന്നു കാശിയില്‍ ഒരു ക്ഷത്രിയനഗരത്തില്‍ ദിവോദാസന്‍ എന്നു വിഖ്യാതനായ രാജാവായി ജനിച്ചു. ദിവോദാസന്‍ ബാല്യത്തില്‍ത്തന്നെ വിരക്തനായി ഭവിച്ചു വളരെ കഠിനമായ തപസ്സനുഷ്ഠിച്ചു. എങ്കിലും ബ്രഹ്മാവ്‌ വളരെ പണിപ്പെട്ടു അദ്ദേഹത്തെ കാശിരാജാവായി അഭിഷേകം ചെയ്തു. അന്നുതുടങ്ങി ലോകര്‍ ധന്വന്തരിയെ കാഷിരാജന്‍ എന്നു പറഞ്ഞു വരുന്നു. അതിനുശേഷം ധന്വന്തരി സ്വനാമാങ്കിതമായ ധന്വന്തരിസംഹിത നിര്‍മ്മിച്ചു വിദ്യാര്‍ത്ഥിലോകങ്ങളെ പഠിപ്പിക്കുകയും ചെയ്തു.

സുശ്രുതസംഹിതയുടെ ഉത്ഭവം

പിന്നീടു വിശ്വാമിത്രപ്രഭൃതികളായ മഹര്‍ഷിമാര്‍ ധന്വന്തരിയാണ് കാശിയില്‍ കാശിരാജനായി ജനിച്ചിരിക്കുന്നത് എന്ന് ജ്ഞാനദൃഷ്ടി കൊണ്ട് അറിഞ്ഞു. അനന്തരം അവരില്‍ വിശ്വാമിത്രന്‍ സ്വപുത്രനായ സുശ്രുതമഹര്‍ഷിയെ വിളിച്ചു ഇങ്ങനെ പറഞ്ഞു:- “അല്ലയോ വത്സ! നീ വിശ്വനാഥപ്രിയമായ കാശിയിലേക്കു പോകുക. അവിടെ ദിവോദാസന്‍ എന്നു പേരോടു കൂടിയവനും ക്ഷത്രിയവംശജനും ആയ കാശിരാജന്‍ വസിക്കുന്നുണ്ട്. അദ്ദേഹം ആയുര്‍വേദശാസ്ത്രജ്ഞന്മാരില്‍വച്ചു ശ്രേഷ്ഠനായ സാക്ഷാല്‍ ധന്വന്തരിയാണ്. സര്‍വ്വപ്രാണികളിലും ദയയുള്ളവനും ഉപകാരപ്രദനുമായ ആ ധന്വന്തരിയില്‍നിന്നു നീ ലോകോപകാരത്തിനായി ആയുര്‍വേദം അഭ്യസിച്ചാലും. ഇപ്രകാരമുള്ള പിതാവിന്‍റെ വാക്യം കേട്ടു സുശ്രുതന്‍ കാശിയിലേക്ക് പുറപ്പെട്ടു. അദ്ദേഹവുമൊന്നിച്ചു ആയുര്‍വേദം പഠിക്കുന്നതിനു വളരെ മുനികുമാരന്മാരും പുറപ്പെട്ടിരുന്നു. അവര്‍, വാനപ്രസ്ത്ഥാശ്രമത്തില്‍ വര്‍ത്തിക്കുന്നവനും ഭഗവാനും ദേവശ്രേഷ്ഠനും വളരെ മഹര്‍ഷിമാരാല്‍ സ്തുതനും കാശിരാജനും ആയ ദിവോദാസനെ വിനയപുരസ്സരം ചെന്നു വന്ദിച്ചു. യശോധനനായ കാശിരാജനാകട്ടെ അവര്‍ക്കു സ്വാഗതം ചെയ്തതിനുശേഷം ക്ഷേമത്തെയും ആഗമനകാരണത്തെയും ചോദിച്ചു. അനന്തരം ആ മഹര്‍ഷികുമാരന്മാര്‍ സുശ്രുതന്‍മുഖേന ഇങ്ങനെ ഉത്തരം അരുളിച്ചെയ്തു:- “അല്ലയോ ഭഗവന്‍! വ്യാധിപീഡിതരായി രോദിക്കുന്നവരും, മരിച്ചുതുടങ്ങിയിരിക്കുന്നവരുമായ ജനങ്ങളെക്കണ്ടിട്ടു ഞങ്ങള്‍ക്കു മനസ്സില്‍ അത്യന്തം വ്യസനമുണ്ടാകുന്നു. ആ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കൌശലമറിയുന്നതിനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങു ഞങ്ങളെ ആയുര്‍വേദം പഠിപ്പിച്ചാലും”. കാശിരാജന്‍ അവരുടെ വാക്കിനെ അനുസരിച്ചു അവര്‍ക്കു ആയുര്‍വേദം ഉപദേശിക്കുകയും അവര്‍ അദ്ദേഹത്താല്‍ അരുളിച്ചെയ്യപ്പെട്ട ആയുര്‍വേദത്തെ സന്തുഷ്ടരായിട്ടു വഴിപോലെ ഗ്രഹിക്കുകയും ചെയ്തു. അതിനുശേഷം സിദ്ധാര്‍ത്ഥന്‍മാരായ സുശ്രുതാദികള്‍ അദ്ദേഹത്തെ ജയാശീര്‍വചനങ്ങളാല്‍ അഭിനന്ദിച്ച് തന്‍റെ തന്‍റെ ഗേഹങ്ങളില്‍ എത്തിച്ചേര്‍ന്നു. ആ മഹര്‍ഷികളില്‍ ആദ്യമായി സുശ്രുതനാണു ആയുര്‍വേദശാസ്ത്രത്തെ നിര്‍മ്മിച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ സഖാക്കളായ മുനികുമാരന്‍മാരും വെവ്വേറെ ആയുര്‍വേദശാസ്ത്രങ്ങളെ നിര്‍മ്മിച്ചു. ഇങ്ങനെ ഓരോരുത്തരാലും ഉണ്ടാക്കപ്പെട്ട ശാസ്ത്രങ്ങളില്‍ സുശ്രുതനാല്‍ ഉണ്ടാക്കപ്പെട്ട ശാസ്ത്രം വളരെ ആളുകളാല്‍ ശ്രുതമായി. അതിനാല്‍ ആ സുശ്രുതന്‍റെ ആയുര്‍വേദശാസ്ത്രത്തിനു “സുശ്രുതം” എന്ന പേര്‍ ഭൂമിയില്‍ വിഖ്യാതമായിത്തീരുകയും ചെയ്തു.

ഇങ്ങനെ ഭാവപ്രകാശാത്തില്‍ ആയുര്‍വേദപ്രകരണം കഴിഞ്ഞു.

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s