
മസ്തിഷ്കസംബന്ധിയായ അനവധി രോഗങ്ങളില്‍ ആട്ടിന്‍തലസൂപ്പ് അത്യുത്തമമാണ്. മസ്തിഷ്കത്തെ ബാധിക്കുന്ന അപസ്മാരത്തില്‍ അതീവ ഫലപ്രദം.
ഉണ്ടാക്കുന്ന വിധം:
അരിയാറ്, ജീരകം മൂന്ന്, ദശമൂലം, ആടലോടകവേര്, കൊടിത്തൂവവേര്, പുഷ്കരമൂലം, നന്നാറിക്കിഴങ്ങ്, കരിമ്പനക്കൂമ്പ്, തഴുതാമവേര്, പുത്തരിച്ചുണ്ടവേര്, കൊടുവേലിക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, കാട്ടുതിപ്പലിവേര്, ചീനത്തിപ്പലി, ഇലവംഗത്തൊലി, പച്ചില, നാഗപ്പൂവ്, മുന്തിരിങ്ങ, ഇരട്ടിമധുരം, ചുക്ക്, കുരുമുളക് ഇവ 6 ഗ്രാം വീതം (ആകെ 37 മരുന്നുകള്‍ – 6 ഗ്രാം വീതം – 222 ഗ്രാം മരുന്ന് ഒരു ആട്ടിന്‍ തലയ്ക്ക് എന്ന കണക്കില്‍) കഴുകി ഇടിച്ചു ചതച്ച്, പല്ല്, തൊലി, നാക്ക്, കൊമ്പ്, എന്നിവ മാത്രം കളഞ്ഞ് തലച്ചോറ് കളയാതെ കൊത്തിനുറുക്കിയ കറുപ്പ് മാത്രം നിറമുള്ള ആണ് ആടിന്റെ തലയുടെ മാംസവും ചേര്‍ത്തു തിരുമ്മി 6 ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് 6 നാഴിയാക്കി വറ്റിച്ച്, അതില്‍ നിന്ന് നാഴി കഷായവും ആറിലൊരു ഭാഗം ചണ്ടിയും എടുത്തു പ്രത്യേകമായി തിളപ്പിച്ചു 90 മില്ലിയാക്കി കുറുക്കി അരിച്ചെടുത്ത് 45 മില്ലി തേനും ഒരു രൂപാത്തൂക്കം (10 ഗ്രാം) കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക. ഇപ്രകാരം വൈകുന്നേരവും സേവിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- പഥ്യം : വറുത്ത പൊടിയരിയുടെ കഞ്ഞി രണ്ടു പ്രാവശ്യം വളരെക്കുറച്ചു മാത്രം കഴിക്കുക. കുരുമുളക്, ഇഞ്ചി, ഇന്തുപ്പ് ഇവ അരച്ചു കറി കഴിക്കുക. ചുക്ക് ചതച്ചിട്ടു തിളപ്പിച്ച വെള്ളം ദാഹത്തിനു കുടിക്കുക.
- ആദ്യത്തെ മൂന്നു ദിവസം രണ്ടു നേരം സൂപ്പ് കഴിച്ച് പഥ്യമായിരിക്കണം. അടുത്ത മൂന്നു ദിവസങ്ങളില്‍ കഞ്ഞി മുന്മാത്രയില് കൂടുതലായിക്കഴിച്ചു പഥ്യമായിരിക്കണം.
- പകലുറക്കം, കുളി, എണ്ണ തേച്ചു കുളി, മറ്റു ഭക്ഷണങ്ങള്‍ ഇവയൊന്നുമരുത്.
- പല്ലുതേപ്പ്, ശൌചം മുതലായവയ്ക്ക് ചൂടുവെള്ളം ഉപയോഗിക്കണം.
- വീട്ടിനുള്ളില്‍പ്പോലും പാദരക്ഷ ധരിക്കണം.
- ബ്രഹ്മചര്യം അത്യന്താപേക്ഷിതമാണ്.
- കുറുക്കി എടുക്കാന്‍ വേണ്ടി എടുത്ത ശേഷം ബാക്കി ഉള്ള സൂപ്പ് തണുപ്പിക്കാതെ അടുപ്പിന്റെ മുകളില്‍ത്തന്നെ സൂക്ഷിക്കണം.
- മറ്റു ആയുര്‍വേദമരുന്നുകള്‍ പഥ്യസമയത്ത് നിര്‍ത്തിവെയ്ക്കണം. പഥ്യം കഴിഞ്ഞ് മറ്റു ആയുര്‍വേദ മരുന്നുകള്‍ നിര്‍ദ്ദേശിച്ചത്തിന്റെ പകുതി അളവു വീതം രണ്ടു നേരം കഴിക്കുക.
- മരുന്നു തുടങ്ങുന്നതിനു മുന്‍പും ശേഷവും വൈദ്യനിര്‍ദ്ദേശം തേടുക.