
വര്‍ണ്ണാഭമായ പൊതികളില്‍ വാങ്ങാന്‍ കിട്ടുന്ന “തിന്നാന്‍ തയ്യാര്‍ / Ready to Eat” ആഹാരസാധനങ്ങളുടെ ഗുണദോഷങ്ങള്‍ പലപ്പോഴും കഴിക്കുന്നവന് അജ്ഞേയമാണ്. പൊതികളുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ വിശ്വസിക്കുക മാത്രമാണ് ഉപഭോക്താവിന്റെ മുമ്പിലുള്ള ഒരേയൊരു മാര്‍ഗ്ഗം. ബഹുരാഷ്ട്രക്കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ ആകുമ്പോള്‍ പൊതുവേ അഭ്യസ്തവിദ്യരായ ആളുകള്‍ കൂടുതല്‍ വിശ്വസിക്കുകയും ചെയ്യും.
അപൂരിത കൊഴുപ്പുകള്‍ – unsaturated fat – trans fat – ആരോഗ്യത്തിനു നല്ലതല്ല എന്നും അത് ഹൃദ്രോഗം ഉണ്ടാക്കുമെന്നും പൊതുവേ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടു തന്നെ മിക്കവാറും “തിന്നാന്‍ തയ്യാര്‍” ഭക്ഷണങ്ങളുടെ പൊതികളില്‍ സ്ഥിരം കാണുന്ന വാക്യങ്ങളാണ് trans fat free / contains no trans fat തുടങ്ങിയവ.
ചിത്രത്തില്‍ കാണുന്ന “ലോട്ടെ ചോക്കോ പൈ” നഗരജീവിതത്തില്‍ കുട്ടികളുടെ ഒരു സ്ഥിരം ഭക്ഷണമാണ്. പൊതിയുടെ പുറത്ത് വലിയ അക്ഷരങ്ങളില്‍ trans fat free എന്ന് എഴുതിയിരിക്കുന്നത് ഇതിന്റെ വില്‍പ്പനയെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. അതേ പൊതിയുടെ പിന്‍ഭാഗത്തുള്ള “ഫ്ലാപ്പ്” ഒന്നുയര്‍ത്തി നോക്കിയാല്‍ കാണുന്നത് മറ്റൊന്നാവും – Hydrogenated vegetable fat used, contains trans fat. ഇതില്‍ ഏതാണ് വിശ്വസിക്കുക? ഒരു കച്ചവടകാപട്യമല്ലേ ഇത്?
ഇത്തരം ആഹാരസാധനങ്ങള്‍ വര്‍ജ്ജിക്കുന്നതാണ് ഉത്തമം. കുറഞ്ഞ പക്ഷം വര്‍ണ്ണാഭമായ പൊതികളുടെ പിന്നാലെ പോകാതെ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാന്‍ അല്‍പ്പസമയം കണ്ടെത്തിയാല്‍ അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം.
കുട്ടികള്‍ക്ക് ഇത്തരം ആഹാരസാധനങ്ങള്‍ കൊടുക്കാതിരിക്കുന്നതു തന്നെയാണ് ഉചിതം. അതിനു മറ്റു പല കാരണങ്ങളും ഉണ്ട്. അവയുടെ ചേരുവകളില്‍ വളരെ അധികം രാസവസ്തുക്കള്‍ ചേരുന്നുണ്ട്. ചോക്കോ പൈയിലെ ഒരു ചേരുവ ആയ 407 എന്ന Stabilizer തന്നെ ഒരു ഉദാഹരണം. Carageenan എന്ന ഈ രാസവസ്തു കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകാം എന്ന് പുതിയ പഠനങ്ങള്‍ ഉണ്ട്. 503 എന്ന അമോണിയം കാര്‍ബണേറ്റുകള്‍ ആന്തരാവയവങ്ങളുടെ ആവരണസ്തരങ്ങളില് അസ്വസ്ഥത ഉണ്ടാക്കുവാനും, മൂത്രത്തിന്റെ pH മാറ്റിമറിക്കുവാനും കാത്സ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ നഷ്ടത്തിലേക്ക് നയിക്കുവാനും കാരണമാകാം.
അന്നമാണ് ആരോഗ്യം. അന്നം നന്നായാല്‍ ഔഷധം വേണ്ട!
Very useful
LikeLike